Sunday, October 18, 2009

കവി















പ്രിയപ്പെട്ട പത്രാധിപരേ,
വാക്കിന്റെ തീക്കനല്‍
പൊളളിച്ച
ഉള്ള്‌.
വെന്ത കരളിന്റെ
ആവി.
കിനാക്കണ്ട കാലത്തിന്റെ
വേവ്‌.
ചവിട്ടിത്തേച്ച അക്ഷരങ്ങളുടെ
ചാവ്‌.

ഒക്കേറ്റിനും കൂടി
വെറും ആയിരം രൂപ തന്നാല്‍
ഈ കവിത
പ്രസിദ്ധീകരിക്കാന്‍ തരാം.

Sunday, January 25, 2009

നടുമുളള്‌


അങ്ങനെ നഗര ജീവിതം മതിയാക്കി
ഞാന്‍ നാട്ടിലേക്ക്‌ പോകും
എന്നിട്ട്‌ ഇടവഴിയിലൂടെ
പുഴയിലേക്ക്‌ നടക്കും.
അവിടുന്ന്‌ പോത്തോംകല്ലില്‍ വഴുക്കി വീണ്‌

നടുമുള്ളൊടിഞ്ഞ്‌ കിടക്കും.

പഴങ്കഞ്ഞി പാരുന്ന തളളക്കൈലിലിത്തിരി
അച്ചാറൊഴിച്ച്‌
അവള്‍ അരികില്‍ വരും.
ഞാന്‍ ഒന്നും മിണ്ടാതെ കുടിക്കും.
(ചിലപ്പോള്‍ മുഖത്തേക്കൊന്നു നോക്കുക പോലുമില്ല.)

ശാഫി, ശമീം, നജീബ്‌, മുസ്‌തഫ
അവരെന്നെ കാണാന്‍ വരും.
മലയാള സാഹിത്യം രക്ഷപ്പെട്ടുവെന്ന്‌ പറഞ്ഞേക്കും.
(ഒരു മുന്തിരിങ്ങ പോലും കൊണ്ടുവരില്ല.)

ഉമ്മ അവര്‍ക്ക്‌
മധുരവും പൊടിയും കമ്മിയുളള
കട്ടന്‍ ചായ കൊടുക്കും.
വിരുന്നുകരെക്കൊണ്ട്‌ പൊറുതിമുട്ടും.
(കുറച്ചു കാലം മാത്രം)

ചിലപ്പോള്‍ മഴ വന്നേക്കും.
പറമ്പിലെ കോച്ചാട പെറുക്കാന്‍
ഉമ്മ ഓടിപ്പായുന്നുണ്ടാകും.
ആശാരികളുടെ പറമ്പില്‍ നിന്ന്‌
കുത്തിയൊലിച്ച്‌ വരിവെളളം വരും
തോട്ടില്‍ നിന്ന്‌ തവളകള്‍
എന്റെ കരളു പോലെ കരഞ്ഞേക്കും.

മുവാണ്ടന്‍ മൂച്ചിയിലെ പൂക്കള്‍ പെയ്യുമ്പോള്‍
എന്റെ പെണ്ണ്‌
ആകാശത്തേക്ക്‌ നോക്കിയിരിക്കും.
കമുകിന്‍ പാളയില്‍ മഴയലിവുകള്‍ ഒളിച്ചിരിക്കുന്ന
നാലുമണിക്ക്‌
പിന്നെയും മഴ വരും.

അങ്ങനെ, ജനലിലൂടെ ചീറ്റാലക്കു വേണ്ടി
ഞാന്‍ കൈകള്‍ നീട്ടും.
കാറ്റു വരില്ല, ഞാന്‍ കരയില്ല.

Friday, October 24, 2008

മുള്ളമ്പന്നി

യാരിത്‌?
ഞാനിത്‌.
എന്നാ പറ്റി?
കാലുളുക്കി.
എങ്ങാട്ടു പോയതാ?
ചെന്തുണ്ടി മല.
എന്നാത്തിനാ?
ചുമ്മാ സാഹസം.
എന്തോന്ന്‌?
സാഹസം സാഹസം.
എന്നാത്തിനാ?
മുള്ളമ്പന്നി.
ഒത്തോ?
ഓടിക്കളഞ്ഞു.
വെടിവെച്ചോ?
കൊണ്ടില്ല.
.......................?
.......................

ആരെക്കൊന്നു?
അപ്പനെ.
കഷായം വെച്ചോ?
വെച്ചു.
അപ്പന്‌ രുസിയുണ്ടോ?
ഉവ്വ്‌.
എത്ര ഏക്രയാ?
കണ്ടമാനം.
അപ്പനെ കൊന്നത്‌ കൂവട്ടെ?
വേണ്ടായേ.
എനിക്കെന്നാ തരും?
പപ്പാതി.
ഹഹഹ..
ഹൂയ്‌.............

Thursday, October 9, 2008

എന്റെ തലക്ക്‌ പ്‌രാന്താകുന്നു

അല്ലെങ്കില്‍ പിന്നെ എന്തിനാണ്‌
കൊടും പാതിരക്ക്‌
മാവൂര്‍ റോഡിലൂടെ
നിലാവു കൊണ്ട്‌ നടക്കുമ്പോള്‍
വെറുതെ ചിരിക്കുന്നത്‌; കരയുന്നത്‌...

എന്തിനാണാവോ
ഓഫ്‌ ഡേ വൈകുന്നേരങ്ങളില്‍
ബീച്ചില്‍ പോകുമ്പോള്‍
നായകള്‍ വന്ന്‌
എന്റെ മുഖത്തു നോക്കി മാത്രം
കുരയ്‌ക്കുന്നത്‌.

വൈ.എം.സി.എ റോഡില്‍ നിന്ന്‌
ബാങ്ക്‌ റോഡിലേക്കുള്ള
കുറുക്കു വഴിയിലെ
പൂച്ചക്കൂട്ടങ്ങള്‍
എന്നെ നോക്കി മാത്രം
ഏങ്ങിക്കരയുന്നത്‌...

എന്തിനാണ്‌
കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ച്‌
എസ്‌.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ
എന്റെ ദേശത്തിന്റെ കഥ ചോദിച്ചത്‌...

മാനാഞ്ചിറ മൈതാനത്ത്‌്‌
ചുമ്മാ കാറ്റു കൊണ്ടിരിക്കുമ്പോള്‍
എന്നെ തേടി
ഏറ്റുമുട്ടാതെ കൊല്ലാന്‍
പോലീസുകാര്‍ വരുമെന്ന്‌
ഞാനിങ്ങനെ ഭയപ്പെടുന്നത്‌...

പട്ടാളപ്പള്ളിയിലേക്ക്‌
കയറാനൊരുങ്ങുമ്പോള്‍
തലയോട്ടിയില്‍വെടിയുണ്ട തപ്പുന്നത്‌....

ഇവിടെ എന്നെ
ആര്‍ക്കും വേണ്ടായിരിക്കും

അല്ലെങ്കില്‍പിന്നെ എന്തിനാണ്‌
വെറുതെ നടക്കുന്ന എന്നെ
ഭീകരനെന്ന്‌ വിളിക്കുന്നത്‌...

Wednesday, August 27, 2008

ന്റെ ഖല്‍ബ്‌ കത്ത്‌ണ്‌

തീീീീ പാറി
പാറിപ്പാാാാറി
അഹഹോ അഹഹോ
ചീറിപ്പാറി....

ആളുകൂടി
വെള്ളം പാര്‍ന്നു
ചീന്നങ്ങനെ
വണ്ടികള്‍ വന്നു

തീവ്രം വാദം
വര്‍ഗ്ഗം ബോധം
ചര്‍ച്ചക്കോപ്പുകള്‍
പലവിധമായി

ചാരിച്ചാരി
ചാനലുകാരും
ചെഞ്ചിരിയോടെ
എമ്മെല്ലെയും

ലെഫ്‌റ്റ്‌ റൈറ്റ്‌
പട്ടാളം
ചില്ലും ചില്ലും
ബബ്ബഹളം...

പിന്നെപ്പിന്നെ
ഈ വഴിയൊന്നും
അങ്ങനെയാരും
വന്നില്ല.

ന്റെ ഖല്‍ബില്‌
ഇടക്കിടെയൊക്കെ
കത്തും തിജ്ജ്‌
തീക്കനല്‌...

ഉമ്മ; ഇക്ക
അങ്ങനെയുള്ള
ഇഷ്ടപ്പാര്‍ച്ചകള്‍
ഇല്ലാതായി..

അങ്ങനെയങ്ങനെ
കത്തിക്കത്തി
ഞാനിപ്പോളൊരു
തീക്കൂമ്പാരം..

ഇത്തിരിയൊത്തിരി
തീയില്ലാതെ
ആരാണിപ്പോള്‍
ഭൂലോകത്ത്‌...?

Tuesday, August 26, 2008

എമ്മാന്തരം

ടി.വിയില്‍ ചോദ്യോത്തരം.
ഭര്‍ത്താവിന്‌ തീരെ ഉറക്കമില്ല
എന്തു ചെയ്യണം മുസ്‌്‌ല്യാരേ?..

ഇവിടെ ക്ലിക്കിയിട്ട്‌ ബാക്കി വായിക്കൂ
http://www.shareefsagar.blogspot.com/

Friday, August 22, 2008

നാലു മണിച്ചായ

കട്ടനാണ്‌.
ഏലക്കായും
ഇത്തിരി പഞ്ചാരയും.

കൊണ്ടു വന്നവള്‍
ഞങ്ങള്‍ കുടിക്കുന്നതും നോക്കി
പിന്നാക്കം നിന്നു.

എന്താ പേര്‌?
പേരക്ക.
നാടേതാ?
നാരങ്ങ.

പെണ്ണുകാണലും കഴിഞ്ഞ്‌
മാനേജരുടെ മുറിയില്‍ പോയി
എന്റെ ഉപ്പയും
അളിയന്മാരും
പണവും പണ്ടവും പറഞ്ഞ്‌ തെറ്റി.
അത്രയും മുതലിന്‌
സ്‌പോണ്‍സര്‍മാരെ കിട്ടില്ലെന്ന്‌
മാനേജര്‍.

നടന്നു മറയുമ്പോഴും
അനാഥ-അഗതി മന്ദിരത്തിന്റെ
ജനാലക്കല്‍
അവളുടെ കണ്ണുകള്‍...

നാലു മണിച്ചായ
കുടലു കയറി..
ഇത്തിരി ചങ്കിടിപ്പോടെ
താഴേക്കു തന്നെ ഇറക്കി.