Friday, October 24, 2008

മുള്ളമ്പന്നി

യാരിത്‌?
ഞാനിത്‌.
എന്നാ പറ്റി?
കാലുളുക്കി.
എങ്ങാട്ടു പോയതാ?
ചെന്തുണ്ടി മല.
എന്നാത്തിനാ?
ചുമ്മാ സാഹസം.
എന്തോന്ന്‌?
സാഹസം സാഹസം.
എന്നാത്തിനാ?
മുള്ളമ്പന്നി.
ഒത്തോ?
ഓടിക്കളഞ്ഞു.
വെടിവെച്ചോ?
കൊണ്ടില്ല.
.......................?
.......................

ആരെക്കൊന്നു?
അപ്പനെ.
കഷായം വെച്ചോ?
വെച്ചു.
അപ്പന്‌ രുസിയുണ്ടോ?
ഉവ്വ്‌.
എത്ര ഏക്രയാ?
കണ്ടമാനം.
അപ്പനെ കൊന്നത്‌ കൂവട്ടെ?
വേണ്ടായേ.
എനിക്കെന്നാ തരും?
പപ്പാതി.
ഹഹഹ..
ഹൂയ്‌.............

Thursday, October 9, 2008

എന്റെ തലക്ക്‌ പ്‌രാന്താകുന്നു

അല്ലെങ്കില്‍ പിന്നെ എന്തിനാണ്‌
കൊടും പാതിരക്ക്‌
മാവൂര്‍ റോഡിലൂടെ
നിലാവു കൊണ്ട്‌ നടക്കുമ്പോള്‍
വെറുതെ ചിരിക്കുന്നത്‌; കരയുന്നത്‌...

എന്തിനാണാവോ
ഓഫ്‌ ഡേ വൈകുന്നേരങ്ങളില്‍
ബീച്ചില്‍ പോകുമ്പോള്‍
നായകള്‍ വന്ന്‌
എന്റെ മുഖത്തു നോക്കി മാത്രം
കുരയ്‌ക്കുന്നത്‌.

വൈ.എം.സി.എ റോഡില്‍ നിന്ന്‌
ബാങ്ക്‌ റോഡിലേക്കുള്ള
കുറുക്കു വഴിയിലെ
പൂച്ചക്കൂട്ടങ്ങള്‍
എന്നെ നോക്കി മാത്രം
ഏങ്ങിക്കരയുന്നത്‌...

എന്തിനാണ്‌
കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ച്‌
എസ്‌.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ
എന്റെ ദേശത്തിന്റെ കഥ ചോദിച്ചത്‌...

മാനാഞ്ചിറ മൈതാനത്ത്‌്‌
ചുമ്മാ കാറ്റു കൊണ്ടിരിക്കുമ്പോള്‍
എന്നെ തേടി
ഏറ്റുമുട്ടാതെ കൊല്ലാന്‍
പോലീസുകാര്‍ വരുമെന്ന്‌
ഞാനിങ്ങനെ ഭയപ്പെടുന്നത്‌...

പട്ടാളപ്പള്ളിയിലേക്ക്‌
കയറാനൊരുങ്ങുമ്പോള്‍
തലയോട്ടിയില്‍വെടിയുണ്ട തപ്പുന്നത്‌....

ഇവിടെ എന്നെ
ആര്‍ക്കും വേണ്ടായിരിക്കും

അല്ലെങ്കില്‍പിന്നെ എന്തിനാണ്‌
വെറുതെ നടക്കുന്ന എന്നെ
ഭീകരനെന്ന്‌ വിളിക്കുന്നത്‌...

Wednesday, August 27, 2008

ന്റെ ഖല്‍ബ്‌ കത്ത്‌ണ്‌

തീീീീ പാറി
പാറിപ്പാാാാറി
അഹഹോ അഹഹോ
ചീറിപ്പാറി....

ആളുകൂടി
വെള്ളം പാര്‍ന്നു
ചീന്നങ്ങനെ
വണ്ടികള്‍ വന്നു

തീവ്രം വാദം
വര്‍ഗ്ഗം ബോധം
ചര്‍ച്ചക്കോപ്പുകള്‍
പലവിധമായി

ചാരിച്ചാരി
ചാനലുകാരും
ചെഞ്ചിരിയോടെ
എമ്മെല്ലെയും

ലെഫ്‌റ്റ്‌ റൈറ്റ്‌
പട്ടാളം
ചില്ലും ചില്ലും
ബബ്ബഹളം...

പിന്നെപ്പിന്നെ
ഈ വഴിയൊന്നും
അങ്ങനെയാരും
വന്നില്ല.

ന്റെ ഖല്‍ബില്‌
ഇടക്കിടെയൊക്കെ
കത്തും തിജ്ജ്‌
തീക്കനല്‌...

ഉമ്മ; ഇക്ക
അങ്ങനെയുള്ള
ഇഷ്ടപ്പാര്‍ച്ചകള്‍
ഇല്ലാതായി..

അങ്ങനെയങ്ങനെ
കത്തിക്കത്തി
ഞാനിപ്പോളൊരു
തീക്കൂമ്പാരം..

ഇത്തിരിയൊത്തിരി
തീയില്ലാതെ
ആരാണിപ്പോള്‍
ഭൂലോകത്ത്‌...?

Tuesday, August 26, 2008

എമ്മാന്തരം

ടി.വിയില്‍ ചോദ്യോത്തരം.
ഭര്‍ത്താവിന്‌ തീരെ ഉറക്കമില്ല
എന്തു ചെയ്യണം മുസ്‌്‌ല്യാരേ?..

ഇവിടെ ക്ലിക്കിയിട്ട്‌ ബാക്കി വായിക്കൂ
http://www.shareefsagar.blogspot.com/

Friday, August 22, 2008

നാലു മണിച്ചായ

കട്ടനാണ്‌.
ഏലക്കായും
ഇത്തിരി പഞ്ചാരയും.

കൊണ്ടു വന്നവള്‍
ഞങ്ങള്‍ കുടിക്കുന്നതും നോക്കി
പിന്നാക്കം നിന്നു.

എന്താ പേര്‌?
പേരക്ക.
നാടേതാ?
നാരങ്ങ.

പെണ്ണുകാണലും കഴിഞ്ഞ്‌
മാനേജരുടെ മുറിയില്‍ പോയി
എന്റെ ഉപ്പയും
അളിയന്മാരും
പണവും പണ്ടവും പറഞ്ഞ്‌ തെറ്റി.
അത്രയും മുതലിന്‌
സ്‌പോണ്‍സര്‍മാരെ കിട്ടില്ലെന്ന്‌
മാനേജര്‍.

നടന്നു മറയുമ്പോഴും
അനാഥ-അഗതി മന്ദിരത്തിന്റെ
ജനാലക്കല്‍
അവളുടെ കണ്ണുകള്‍...

നാലു മണിച്ചായ
കുടലു കയറി..
ഇത്തിരി ചങ്കിടിപ്പോടെ
താഴേക്കു തന്നെ ഇറക്കി.

Sunday, August 10, 2008

ഭാര്യയെ കൊല്ലേണ്ട വിധം

50,000 ഉറുപ്പികയുടെ കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടും മേല്‍ക്കുമേല്‍ ലക്ഷങ്ങളുടെ ബാധ്യതകള്‍ തൂങ്ങിക്കിടന്നിട്ടും എന്റെ ഭാര്യയുടെ ആക്ര മാറിയില്ല. പുതിയ മോഹങ്ങളിലേക്കും അങ്ങനെ കടങ്ങളിലേക്കും അവളെന്നെ ഉന്തിയിട്ടു കൊണ്ടിരുന്നു.
കാണെക്കാണെ അതിഗുദാമിലെ ഇരുട്ടത്തേക്ക്‌ ഹലാക്കിന്റെ വെളിച്ചങ്ങളൊക്കെ മങ്ങിയും മാഞ്ഞും അലിഞ്ഞു. പാതിരാപ്പുട്ട കരഞ്ഞു. റബ്ബര്‍ തോട്ടത്തിലെ ചവറ്റിലകള്‍ ചവുട്ടി ജിന്നുകളും റൂഹാനികളും ഇറങ്ങി വന്നിട്ട്‌ എന്നെയും കുടുംബത്തെയും അഭിസംബോധന ചെയ്‌തു. കാറിയ നെലോളിയുടെ ചീളുകള്‍ അവളുടെ ചങ്കില്‍ തടഞ്ഞു. കലങ്ങിയൊലിക്കുന്ന വായയുമായി പൂഴിമണ്ണില്‍ വരിവെള്ളം ചാലിട്ട പോലെ ചോര പതപ്പിച്ച്‌ എന്റെ ഭാര്യ മരിച്ചു കിടന്നു.
അങ്ങനെയാണ്‌ ഞാന്‍ ഇരുട്ടിന്റെ കനകനപ്പുകളില്‍ നിന്ന്‌ കൈച്ചിലായത്‌. ഇപ്പോഴേതായാലും ഈ അഴികള്‍ക്കകത്ത്‌ നിറയെ വെളിച്ചം തന്നെ.

Friday, June 20, 2008

ഉത്സവക്കാലം


1
ശ്രീകുറുമ്പക്കാവിലെ പൂരം
പഴയ സാധനങ്ങള്‍ പെറുക്കി വിറ്റു-രണ്ടുറുപ്പിക
ഉമ്മ തന്നു-ഒരുറുപ്പിക
ഒരു വിസിലു വാങ്ങി ഒറ്റ ഊത്ത്‌
വിമാനം വാങ്ങണമെന്നായിരുന്നു പൂതി

അയല്‍പക്കത്ത്‌
എന്തോ മാതിരി ഉത്സവച്ചിരികള്‍...

2
മയക്കട്ടപ്പെന്‍സിലിനു കരഞ്ഞു
കിട്ടിയത്‌ കരിക്കട്ട
പിന്നെ,
ഉറുമ്പുകള്‍ ഓട്ടകുത്തിയ
ശീലക്കുട
കണ്ണീരിന്റെ തുള്ളി
സൂര്യന്റെ ചിത്രം വരച്ച
നാലുവരക്കോപ്പി
ചിതലുകള്‍ ചാലിട്ട
കേരളാ പാഠാവലി

അയല്‍പക്കത്ത്‌
പടക്കം പൊട്ടുന്നതിന്റെ ആരവങ്ങള്‍...

3
ഇടനെഞ്ചിന്റെ മിടിപ്പിന്‌
ഉടഞ്ഞടിഞ്ഞ കിനാക്കിതപ്പ്‌
ഉള്ളിടങ്ങളില്‍,
വെര്‍പ്പെട്ടു പോയവരുടെ ഓര്‍മ
ഏറ്റുമീന്‍ കയറുംപോലെ
പുളച്ചു പുളച്ച്‌...

അയല്‍പക്കത്ത്‌ ആഢംബരനികുതി
കൊടുക്കില്ലെന്നു പറഞ്ഞ്‌
വല്ലാത്ത ബഹളം...