Monday, December 6, 2010

പഞ്ഞിയുറക്കം


ഉറങ്ങാനാണ്‌
എനിക്ക്‌ കൊതിയാവുന്നത്‌.
എന്റെ മാത്രം മണമുള്ള കിടക്കയില്‍
പൂണ്ടുറങ്ങാനാണ്‌ പൂതി.

ആള്‍പ്പെരുമാറ്റമില്ലാത്ത

ഇരുണ്ട മുറിയില്‍
ഓര്‍മകളുടെ ആരവങ്ങളൊന്നും ഇരമ്പാത്ത

പുതപ്പിനടിയില്‍
ഒരു സ്വപ്‌നവുമില്ലാതെ
ഒരു പ്രതീക്ഷയുമില്ലാതെ
ഒരുസങ്കടവുമില്ലാതെ
ഒരു വേദനയുമില്ലാതെ
ആഹ്ലാദിക്കാനൊന്നുമില്ലാതെ
അങ്ങനെ
അങ്ങനെഉറങ്ങണം.

തെളിഞ്ഞ മാനം പോലെ
വിശുദ്ധമായ ഹൃദയത്തിലേക്ക്‌
ഇലയനക്കംപോലുമില്ലാതെ
നിശബ്ദതയുടെ തണുപ്പു മാത്രമുള്ള
ആ നേരം
ആകാശങ്ങളില്‍ നിന്ന്‌
പഞ്ഞിത്തുണ്ടുകള്‍ പൊഴിഞ്ഞ്‌
എന്നെ പുതഞ്ഞുകൊണ്ടിരിക്കും.

പഞ്ഞിയുറക്കത്തില്‍
കനമില്ലാതെ പറന്ന്‌
ഒച്ചകളുടെ ലോകത്തെ
ഒച്ചപ്പെടുത്താതെഅലിഞ്ഞ്‌,
ആരോടുംഒന്നിനോടും
ഒരുവികാരവുമില്ലാതെ
എന്നോടു മാത്രമുള്ള ഇഷ്ടത്താല്‍
അദൃശ്യകണമായി അലിഞ്ഞലിഞ്ഞ്‌
എനിക്കുപോലും അനുഭവിക്കാതാവണം
എന്നെ.