Sunday, December 27, 2009

തൊയ്‌താരം


ചിലപ്പോഴൊക്കെ
നിന്നെപ്പോലെ കണ്ണു നിറച്ച്‌
എന്റ സ്വപ്‌നങ്ങളുടെ ഇറയത്തും
മഴച്ചാറലുകള്‍ കരയാറുണ്ട്‌.
കരഞ്ഞു പൊളിക്കാറുണ്ട്‌.

ഒന്ന്‌ ഒന്നേ മുക്കാലിഞ്ച്‌ കനത്തില്
വേദനകള്‍ചില്ലുടയ്‌ക്കുന്ന ചങ്കില്
‍ചോരപ്പാടുകള്
അങ്ങനെത്തന്നെ തിണര്‍ക്കാറുണ്ട്‌.
പേമഴ ചൊരിയുന്ന പാതിരയ്‌ക്ക്‌
ഒരു പറ നെല്ല്‌
അണ്ണാക്കില്‍ കുടുങ്ങിയവനെപ്പോലെ
ഞാനങ്ങനെ പിടയാറുണ്ട്‌.

അടുത്ത മഴക്കാലത്തെങ്കിലും
കണ്ണ്‌ ചോരാത്ത,
അടച്ചുറപ്പുള്ള വീടുണ്ടാകുമെന്ന്‌
ചിലപ്പോഴെങ്കിലുംഅവള്‍ പറയാറുണ്ട്‌.

പനി പിടിച്ച മൊട്ടംപടിയില്‍
ചുക്കുകാപ്പിയുടെ കറ
ഉറുമ്പിനെ കാത്ത്‌ ഉണങ്ങുമ്പോള്‍
നീ,
ശ്വാസകോശം പോലെയായി
കിതപ്പാറ്റുന്നതു കാണാറുണ്ട്‌.

ഇനിയിങ്ങനെ....
ചെരിഞ്ഞു കത്തുന്ന വിളക്കു പോലെ
നിന്നെ ചാരി,
ഓട്‌ പൊട്ടിയ പൊട്ടലു കണ്ട്‌
ഉറങ്ങാന്‍ നോക്കാം.

Sunday, October 18, 2009

കവി















പ്രിയപ്പെട്ട പത്രാധിപരേ,
വാക്കിന്റെ തീക്കനല്‍
പൊളളിച്ച
ഉള്ള്‌.
വെന്ത കരളിന്റെ
ആവി.
കിനാക്കണ്ട കാലത്തിന്റെ
വേവ്‌.
ചവിട്ടിത്തേച്ച അക്ഷരങ്ങളുടെ
ചാവ്‌.

ഒക്കേറ്റിനും കൂടി
വെറും ആയിരം രൂപ തന്നാല്‍
ഈ കവിത
പ്രസിദ്ധീകരിക്കാന്‍ തരാം.

Sunday, January 25, 2009

നടുമുളള്‌


അങ്ങനെ നഗര ജീവിതം മതിയാക്കി
ഞാന്‍ നാട്ടിലേക്ക്‌ പോകും
എന്നിട്ട്‌ ഇടവഴിയിലൂടെ
പുഴയിലേക്ക്‌ നടക്കും.
അവിടുന്ന്‌ പോത്തോംകല്ലില്‍ വഴുക്കി വീണ്‌

നടുമുള്ളൊടിഞ്ഞ്‌ കിടക്കും.

പഴങ്കഞ്ഞി പാരുന്ന തളളക്കൈലിലിത്തിരി
അച്ചാറൊഴിച്ച്‌
അവള്‍ അരികില്‍ വരും.
ഞാന്‍ ഒന്നും മിണ്ടാതെ കുടിക്കും.
(ചിലപ്പോള്‍ മുഖത്തേക്കൊന്നു നോക്കുക പോലുമില്ല.)

ശാഫി, ശമീം, നജീബ്‌, മുസ്‌തഫ
അവരെന്നെ കാണാന്‍ വരും.
മലയാള സാഹിത്യം രക്ഷപ്പെട്ടുവെന്ന്‌ പറഞ്ഞേക്കും.
(ഒരു മുന്തിരിങ്ങ പോലും കൊണ്ടുവരില്ല.)

ഉമ്മ അവര്‍ക്ക്‌
മധുരവും പൊടിയും കമ്മിയുളള
കട്ടന്‍ ചായ കൊടുക്കും.
വിരുന്നുകരെക്കൊണ്ട്‌ പൊറുതിമുട്ടും.
(കുറച്ചു കാലം മാത്രം)

ചിലപ്പോള്‍ മഴ വന്നേക്കും.
പറമ്പിലെ കോച്ചാട പെറുക്കാന്‍
ഉമ്മ ഓടിപ്പായുന്നുണ്ടാകും.
ആശാരികളുടെ പറമ്പില്‍ നിന്ന്‌
കുത്തിയൊലിച്ച്‌ വരിവെളളം വരും
തോട്ടില്‍ നിന്ന്‌ തവളകള്‍
എന്റെ കരളു പോലെ കരഞ്ഞേക്കും.

മുവാണ്ടന്‍ മൂച്ചിയിലെ പൂക്കള്‍ പെയ്യുമ്പോള്‍
എന്റെ പെണ്ണ്‌
ആകാശത്തേക്ക്‌ നോക്കിയിരിക്കും.
കമുകിന്‍ പാളയില്‍ മഴയലിവുകള്‍ ഒളിച്ചിരിക്കുന്ന
നാലുമണിക്ക്‌
പിന്നെയും മഴ വരും.

അങ്ങനെ, ജനലിലൂടെ ചീറ്റാലക്കു വേണ്ടി
ഞാന്‍ കൈകള്‍ നീട്ടും.
കാറ്റു വരില്ല, ഞാന്‍ കരയില്ല.