Wednesday, May 28, 2008

പൊന്നളിയോ...

അളിയോ അളിയോ
പൊന്നളിയോ
ഇന്നലെ എങ്ങാണ്ടു പോയി..?

മൊട്ടമ്പടിയില്‍
കൊട്ടപ്പായയില്‍
നട്ടപ്പുലര്‍ച്ച വരെ
കട്ടകാലങ്ങളോര്‍ത്ത്‌
കാത്തിരുന്ത്‌ കാത്തിരുന്ത്‌
കാലങ്ങള്‍ പൂകിയതറിഞ്ഞില്ല

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍
സമ്മേളനമായിരുന്നല്ലേ...
ആത്മീയ മഹാമഹങ്ങളുടെ
കര്‍പ്പൂര മണങ്ങളില്‍
ചോര മോന്തി
ശുചിത്വ സര്‍ട്ടിഫിക്കറ്റെഴുതിയ
നഗരത്തിലെ
വൃത്തിയുള്ള ഓടയില്‍
വിഷണ്ണനായി
നീ ഇരിക്കുന്നതോര്‍ക്കുമ്പോള്‍
സഹിക്കാനാവുന്നില്ല പൊന്നേ...

അളിയോ അളിയോ
പൊന്നളിയോ

'ഇന്നോവ' കാറില്‍ വന്ന്‌
ആസ്‌പത്രിക്കാട്ടില്‍
............... 'എന്നോവര്‍' തള്ളിയ
ഒരു ചാക്ക്‌ കോഴിച്ചാപ്‌സ്‌
കണ്ടു വെച്ചിട്ടുണ്ട്‌ ഞാന്‍

ഇന്നെങ്കിലും വന്നാല്‍
കൂട്ടിക്കൊണ്ടോയി
കാണിച്ചു തരാം.
കൂട്ടുകാരെയും
കുഞ്ഞുകുട്ടി പരാധീനങ്ങളേയും
കൂട്ടാന്‍ മറക്കരുത്‌

വലത്തേ കൈയിന്റെ
ഉള്ളനടിയില്‍ പെട്ട്‌
ചോരപ്പൂ വിരിയിക്കേണ്ട
ഗതികെട്ട ജന്മമാകരുത്‌ നിന്റേത്‌

ആയതിനാല്‍,
അളിയോ പൊന്നളിയോ

ഒരു കുത്ത്‌
ഈയുള്ളവന്റെ
ഇടനെഞ്ചില്‍ തന്നിട്ട്‌
'ഗൂം' എന്ന്‌
ബോളിവുഡ്‌ സ്‌റ്റൈലില്‍ പാടി
ജീവിക്കാന്‍ പഠിക്ക്‌

കോര്‍പ്പറേഷന്‍ നിനക്കു തരുന്ന
ഈ മഹാപാവങ്ങളുടെ
റേഷന്‍ ചോര മതിയാക്കി
അടുത്തു കാണുന്ന
മോഹ മതം പറഞ്ഞ്‌
മതത്തില്‍ മതമുണ്ടാക്കി
മതിപ്പുണ്ടാക്കി
മദോന്മത്തരായ
മഹാ (വാ)നരന്മാരുടെ
തിളച്ച ചോരയില്‍
മുങ്ങി നീരാട്‌..

ജീവിക്കാന്‍ പഠിക്കെന്റെ പൊന്നേ...

അങ്ങനെയങ്ങനെ
മൊത്തമായും ചില്ലറയായും
ആത്മീയ ശാന്തിയടയെന്റെ
പൊന്നളിയോ...

Tuesday, May 27, 2008

പാതിരാ നഗരത്തില്‍

നട്ടപ്പാതിരക്കാണ്‌
നിര്‍ത്താതെ
മഴ പെയ്‌തു തുടങ്ങിയത്‌.

നഗരത്തിന്റെ കണ്ണുകളില്‍
മൂടിക്കെട്ടിയ
തണുപ്പ്‌ മാത്രമായിരുന്നു.

കാറ്റിന്റെ കലിപ്പുകള്‍
മുടിയഴിച്ചാടുമ്പോള്‍
ഓവുചാലിലൂടെ
ഒരു കെട്ട്‌
വാട്ടച്ചെണ്ടുമല്ലി
ഒലിച്ചു പോയി

നഗരത്തിന്റെ ചിറകുകള്‍
ആടിയടിച്ചപ്പോള്‍
ഒരു പുള്ളിക്കുട
പറന്നു പറന്ന്‌
സ്‌കൂള്‍ മുറ്റത്തേക്കു പോയി

കറണ്ടില്ലാതെ കറുത്ത
സ്‌ട്രീറ്റ്‌ ലൈറ്റുകളുടെ
ചുവട്ടില്‍
അപ്പോഴും
പേടിച്ചരണ്ട
ഒരാണ്‍ കുട്ടി...

ചോരയൊലിച്ച
ഒരു വാള്‍ത്തലപ്പ്‌
ഇരുണ്ട ഗല്ലിയിലെ
ഇറയത്ത്‌
നെടുങ്ങനെ നിന്നു നനഞ്ഞു

ബീച്ച്‌ റോഡിലൂടെ
പേ പിടിച്ച
നായ്‌ക്കൂട്ടങ്ങള്‍
മഴ നനഞ്ഞ്‌
കിതച്ചോടുന്നുണ്ടായിരുന്നു

കാമവും കച്ചവടവും
കൂടിച്ചേര്‍ന്ന്‌
കറുത്തു പോയ കണ്ണുകളുമായി
നെറ്റിയില്‍
വെട്ടു കൊണ്ട പാടുള്ള
ഒരു ഞൊണ്ടിക്കാലന്‍

ഇരുട്ടും മഴയും
ഇണചേര്‍ന്നു മതിയാകാതെ
പുലരും വരെ
പുണര്‍ന്നു കിടപ്പായിരുന്നു

നേരം വെളുപ്പു കീറിയപ്പോള്‍
എല്ലാ കറയും
വരിയൊലിച്ചു പോയ
ഈ അലവലാതി നഗരത്തിനും
എന്തൊരു വെളിച്ചം..!

Sunday, May 25, 2008

മഞ്ഞപ്പൂമ്പാറ്റ

എന്റെ മുറ്റത്ത്‌ മാത്രമാണ്‌
മഞ്ഞപ്പൂമ്പാറ്റകള്

‍അവര്‍ ചിലപ്പോള്‍ മാത്രം
അയലോക്കത്തെ കരിമുട്ടി പോലത്തെ
ഖാദറിന്റെ വീട്ടില്‍
വിരുന്നു പോകും

അവനെ കണ്ടാല്‍പ്പിന്നെ
പേടിയോടെ
എന്റെ മുറ്റത്തേക്കു തന്നെ
മണ്ടി വരും...

പാവം പാവം
മഞ്ഞപ്പൂമ്പാറ്റകള്‍

എന്റെ മുറ്റത്തെ
ചെന്തെങ്ങിലും
പനിനീര്‍ച്ചെടിയിലും
പത്തുമണിപ്പൂവിലും
അവരങ്ങനെ
പാറിപ്പൂക്കും

ഇന്നലെയാണ്‌ ഒടുവില്‍
എന്റെ മഞ്ഞപ്പൂമ്പാറ്റകള്
‍ഖാദറിന്റെ മുറ്റത്തേക്ക്‌
വിരുന്നു ചെന്നത്‌
അവന്റെ കെട്ടിയോള്‍
കരയാതിരുന്ന ദിവസമായിരുന്നു അത്‌

വെയില്‍ ചാറിക്കൊണ്ടിരിക്കുന്ന
നാലുമണി നേരത്ത്‌
എറുമ്പുകള്‍ വഴിമാറിയഒറ്റയടിപ്പാതയിലൂടെ
മയ്യത്ത്‌ കട്ടിലുമായി
എറുമ്പു വരി പോലെ...

ഖാദറിന്റെ മയ്യത്തിനു
മീതെ ഇപ്പോള്‍ കാണാം
ഒരു മഞ്ഞപ്പൂമ്പാറ്റ...

ഉണ്ണീരിക്കൊച്ച

ഇടിമുഴക്കം പോലെ ഒന്ന്‌
ഇലയനക്കം പോലെ മറ്റൊന്ന്‌
കരിമരുന്നു പോലെ ഒന്ന്‌
കാറ്റുപാട്ടു പോലെ മറ്റൊന്ന്‌

ഇങ്ങനെ രണ്ടാളും
മരവേരുകള്‍ ഭൂപടം വരച്ച
ഇടവഴി
ഇടതടവില്ലാത്ത വഴി
എല്ലാം പിന്നിട്ട്‌
ചെളിവെള്ളം കെട്ടിനില്‍ക്കുന്ന
ഉണ്ണീരിക്കൊച്ചയുടെ തറവാട്ടുമുറ്റത്തെത്തി..

ഉണ്ണീരിക്കൊച്ച
കന്നിനെ കറക്കാന്‍
പറമ്പിലായിരുന്നു.
പിണ്ണാക്കും പിലാവിലയും തിന്ന്‌
കൊഴുത്തു തടിച്ചപയ്യുകള്‍ക്ക്‌
ഉണ്ണീരിക്കൊച്ചയോട്‌ പ്രേമമായിരുന്നു.

രണ്ടാളും പൊളിഞ്ഞ പുള്ളത്തിണ്ടില്‍
ഉണ്ണീരിക്കൊച്ചയെ കാത്തിരുന്നു.

അപ്പോള്‍ സന്ധ്യയായി
ഉമ്മറത്ത്‌ വിളക്കുവെക്കാന്‍
പെണ്‍തരിയില്ലാത്ത വീടിനെയോര്‍ത്ത്‌
രണ്ടാള്‍ക്കും വിഷമമായി.

ഉണ്ണീരിക്കൊച്ച കറന്നു തീര്‍ന്നില്ല.

നേരം വെളുത്തപ്പോ
ള്‍ഉണ്ണീരിക്കൊച്ച വെള്ളയുടുപ്പിട്ട്‌
കുറിയണിഞ്ഞ്‌കുട്ടപ്പിയായി വന്ന്‌
രണ്ടാളുടെയും ചെവിയില്‍ പറഞ്ഞു

രണ്ടു കന്നിനെ കറന്നാലൊന്നും
ഇന്നത്തെക്കാലത്ത്‌ ജീവിക്കാനാവില്ല

ഹര ഹരോ എന്ന്‌ നിലവിളിച്ച്‌
ഉണ്ണീരിക്കൊച്ച പൂജ തുടങ്ങി
അഗ്നി പൂജ
നഗ്ന പൂജ
ലഘ്‌ന പൂജ
വിഘ്‌ന പൂജ

ഇടിമുഴക്കവും ഇലയനക്കവും
കരിമരുന്നു കാറ്റുപാട്ടും
അമ്മായിയുടെ മുന്നില്
‍നമ്രം
ചമ്രം....