Tuesday, May 27, 2008

പാതിരാ നഗരത്തില്‍

നട്ടപ്പാതിരക്കാണ്‌
നിര്‍ത്താതെ
മഴ പെയ്‌തു തുടങ്ങിയത്‌.

നഗരത്തിന്റെ കണ്ണുകളില്‍
മൂടിക്കെട്ടിയ
തണുപ്പ്‌ മാത്രമായിരുന്നു.

കാറ്റിന്റെ കലിപ്പുകള്‍
മുടിയഴിച്ചാടുമ്പോള്‍
ഓവുചാലിലൂടെ
ഒരു കെട്ട്‌
വാട്ടച്ചെണ്ടുമല്ലി
ഒലിച്ചു പോയി

നഗരത്തിന്റെ ചിറകുകള്‍
ആടിയടിച്ചപ്പോള്‍
ഒരു പുള്ളിക്കുട
പറന്നു പറന്ന്‌
സ്‌കൂള്‍ മുറ്റത്തേക്കു പോയി

കറണ്ടില്ലാതെ കറുത്ത
സ്‌ട്രീറ്റ്‌ ലൈറ്റുകളുടെ
ചുവട്ടില്‍
അപ്പോഴും
പേടിച്ചരണ്ട
ഒരാണ്‍ കുട്ടി...

ചോരയൊലിച്ച
ഒരു വാള്‍ത്തലപ്പ്‌
ഇരുണ്ട ഗല്ലിയിലെ
ഇറയത്ത്‌
നെടുങ്ങനെ നിന്നു നനഞ്ഞു

ബീച്ച്‌ റോഡിലൂടെ
പേ പിടിച്ച
നായ്‌ക്കൂട്ടങ്ങള്‍
മഴ നനഞ്ഞ്‌
കിതച്ചോടുന്നുണ്ടായിരുന്നു

കാമവും കച്ചവടവും
കൂടിച്ചേര്‍ന്ന്‌
കറുത്തു പോയ കണ്ണുകളുമായി
നെറ്റിയില്‍
വെട്ടു കൊണ്ട പാടുള്ള
ഒരു ഞൊണ്ടിക്കാലന്‍

ഇരുട്ടും മഴയും
ഇണചേര്‍ന്നു മതിയാകാതെ
പുലരും വരെ
പുണര്‍ന്നു കിടപ്പായിരുന്നു

നേരം വെളുപ്പു കീറിയപ്പോള്‍
എല്ലാ കറയും
വരിയൊലിച്ചു പോയ
ഈ അലവലാതി നഗരത്തിനും
എന്തൊരു വെളിച്ചം..!

1 comment:

ബിസ്മി said...

അനുഭവപ്പെട്ടു...
നല്ല കവിത.....