Saturday, May 24, 2008

കൊത്തമ്മലി

മല്ലിയും കൊത്തമ്മല്ലിയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
കരുംചിരി അടര്‍ന്നു വീണ ചുണ്ടില്
ഏങ്ങിക്കുരുത്ത കുരു
പൊട്ടാറായി നിന്നിരുന്നു.

കര്‍കത്തും പപ്പായയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
അരിവാള്‍ ചിഹ്നം പോലെ
നഖപ്പാടുകള്‍ വരണ്ടിയെടുന്ന കഴുത്തില്‍
പഴുപ്പ്‌ കനം തൂങ്ങിയിരുന്നു.

അടക്കാപഴവും പേരക്കയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
ചേറിയെടുക്കാത്ത നെല്ലിലെ
കല്ലും പതിരും പോലെ
ചേറാനായി മാളുത്ത വരുന്നതും
കാത്തു കിടന്നിരുന്നു.

നേരും നെറിയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
ചെരുങ്ങനെ കാറ്റും മഴയും
ചെപ്പു തുറന്ന്‌ വന്നപ്പോഴും
അവള്‍ക്ക്‌ ബോധമുണ്ടായിരുന്നു.

എല്ലാം തിരിഞ്ഞപ്പോഴേക്ക്‌
ആ കറുകറുത്ത പെണ്ണ്‌
ആകാശങ്ങളിലേക്ക്‌,
വെളുവെളാന്നുള്ള ആകാശങ്ങളിലേക്ക്‌
ചിരിപ്പെരുമഴയുമായി
മലര്‍ന്നടിച്ചു ചെന്നു.

അപ്പോള്‍ മാത്രമാണ്‌
കൊത്തമ്മല്ലിയും മുളകും
അമ്മിയില്‍ അരഞ്ഞു രസിക്കുമ്പോള്‍
ഇറച്ചിയെ നമുക്കിന്നു
കാണിച്ചു കൊടുക്കാമെന്നു പറഞ്ഞത്‌.

Friday, May 23, 2008

ചരിത്രത്തില്‍ ഇല്ലാത്തത്‌

കീറിയ തൊലിപ്പുറത്ത്‌ പുതപ്പ്‌ വിരിക്കുമ്പോള്‍
ഞാന്‍ നെടുവീര്‍പ്പിടുന്നത്‌

ജയിലറയുടെ തണുപ്പിച്ച മൂലച്ചുമരില്‍
പറ്റിക്കിടക്കുന്ന നിരപരാധങ്ങള്‍

കലാപങ്ങളുടെ രാത്രിയില്‍
ഉമ്മ പറഞ്ഞു തന്ന
നേരുള്ള കഥപ്പെരുമകള്

‍കരളു കീറുന്ന ഒച്ചയില്‍
എന്റെ പെങ്ങള്‍
നിലവിളിച്ച്‌ നിലവിളിച്ച്‌...
പിന്നെയങ്ങനെ
പുഴയിലേക്ക്‌ നടന്നൊഴുകിയത്‌

ചിതറിയ തുടയിടുക്കിന്റെ
വെരുത്തം സഹിക്കാതെ
കരുത്ത ദെണ്ണങ്ങളിലേക്ക്‌
മണ്ണെണ്ണയൊഴിച്ച്‌ അഗ്നി പകര്‍ന്നവളുടെ
ശുദ്ധി മന്തിരങ്ങള്‍

അയലോക്കത്തെ വാസുദേവന്റെ മനസ്സില്‍
രണ്ടാം ക്ലാസ്സിലെ കേരളാ പാഠാവലി കടന്നു വന്ന
ഇന്നലത്തെ
വെട്ടാനൊരുങ്ങുന്ന രാത്രി

ഇനിയൊരാള്‍ കൂടി
ഇടവഴിയില്‍
മലര്‍ന്നുറങ്ങിയ
ഉറങ്ങിക്കൊണ്ടേയിരുന്ന
അവസാനമില്ലാത്ത ഏക്കങ്ങള്
ഇറക്കങ്ങള്‍...

പിന്നെ......
നീ ഇല്ലാതെയായ
പുലര്‍ച്ചപ്പായയില്‍ പരതുന്ന
എന്റെ വലത്തേ കൈയിലെ
മുറിഞ്ഞ വിരലുകള്‍...