Saturday, May 24, 2008

കൊത്തമ്മലി

മല്ലിയും കൊത്തമ്മല്ലിയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
കരുംചിരി അടര്‍ന്നു വീണ ചുണ്ടില്
ഏങ്ങിക്കുരുത്ത കുരു
പൊട്ടാറായി നിന്നിരുന്നു.

കര്‍കത്തും പപ്പായയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
അരിവാള്‍ ചിഹ്നം പോലെ
നഖപ്പാടുകള്‍ വരണ്ടിയെടുന്ന കഴുത്തില്‍
പഴുപ്പ്‌ കനം തൂങ്ങിയിരുന്നു.

അടക്കാപഴവും പേരക്കയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
ചേറിയെടുക്കാത്ത നെല്ലിലെ
കല്ലും പതിരും പോലെ
ചേറാനായി മാളുത്ത വരുന്നതും
കാത്തു കിടന്നിരുന്നു.

നേരും നെറിയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
ചെരുങ്ങനെ കാറ്റും മഴയും
ചെപ്പു തുറന്ന്‌ വന്നപ്പോഴും
അവള്‍ക്ക്‌ ബോധമുണ്ടായിരുന്നു.

എല്ലാം തിരിഞ്ഞപ്പോഴേക്ക്‌
ആ കറുകറുത്ത പെണ്ണ്‌
ആകാശങ്ങളിലേക്ക്‌,
വെളുവെളാന്നുള്ള ആകാശങ്ങളിലേക്ക്‌
ചിരിപ്പെരുമഴയുമായി
മലര്‍ന്നടിച്ചു ചെന്നു.

അപ്പോള്‍ മാത്രമാണ്‌
കൊത്തമ്മല്ലിയും മുളകും
അമ്മിയില്‍ അരഞ്ഞു രസിക്കുമ്പോള്‍
ഇറച്ചിയെ നമുക്കിന്നു
കാണിച്ചു കൊടുക്കാമെന്നു പറഞ്ഞത്‌.

No comments: