Sunday, May 25, 2008

ഉണ്ണീരിക്കൊച്ച

ഇടിമുഴക്കം പോലെ ഒന്ന്‌
ഇലയനക്കം പോലെ മറ്റൊന്ന്‌
കരിമരുന്നു പോലെ ഒന്ന്‌
കാറ്റുപാട്ടു പോലെ മറ്റൊന്ന്‌

ഇങ്ങനെ രണ്ടാളും
മരവേരുകള്‍ ഭൂപടം വരച്ച
ഇടവഴി
ഇടതടവില്ലാത്ത വഴി
എല്ലാം പിന്നിട്ട്‌
ചെളിവെള്ളം കെട്ടിനില്‍ക്കുന്ന
ഉണ്ണീരിക്കൊച്ചയുടെ തറവാട്ടുമുറ്റത്തെത്തി..

ഉണ്ണീരിക്കൊച്ച
കന്നിനെ കറക്കാന്‍
പറമ്പിലായിരുന്നു.
പിണ്ണാക്കും പിലാവിലയും തിന്ന്‌
കൊഴുത്തു തടിച്ചപയ്യുകള്‍ക്ക്‌
ഉണ്ണീരിക്കൊച്ചയോട്‌ പ്രേമമായിരുന്നു.

രണ്ടാളും പൊളിഞ്ഞ പുള്ളത്തിണ്ടില്‍
ഉണ്ണീരിക്കൊച്ചയെ കാത്തിരുന്നു.

അപ്പോള്‍ സന്ധ്യയായി
ഉമ്മറത്ത്‌ വിളക്കുവെക്കാന്‍
പെണ്‍തരിയില്ലാത്ത വീടിനെയോര്‍ത്ത്‌
രണ്ടാള്‍ക്കും വിഷമമായി.

ഉണ്ണീരിക്കൊച്ച കറന്നു തീര്‍ന്നില്ല.

നേരം വെളുത്തപ്പോ
ള്‍ഉണ്ണീരിക്കൊച്ച വെള്ളയുടുപ്പിട്ട്‌
കുറിയണിഞ്ഞ്‌കുട്ടപ്പിയായി വന്ന്‌
രണ്ടാളുടെയും ചെവിയില്‍ പറഞ്ഞു

രണ്ടു കന്നിനെ കറന്നാലൊന്നും
ഇന്നത്തെക്കാലത്ത്‌ ജീവിക്കാനാവില്ല

ഹര ഹരോ എന്ന്‌ നിലവിളിച്ച്‌
ഉണ്ണീരിക്കൊച്ച പൂജ തുടങ്ങി
അഗ്നി പൂജ
നഗ്ന പൂജ
ലഘ്‌ന പൂജ
വിഘ്‌ന പൂജ

ഇടിമുഴക്കവും ഇലയനക്കവും
കരിമരുന്നു കാറ്റുപാട്ടും
അമ്മായിയുടെ മുന്നില്
‍നമ്രം
ചമ്രം....

No comments: