Sunday, August 10, 2008

ഭാര്യയെ കൊല്ലേണ്ട വിധം

50,000 ഉറുപ്പികയുടെ കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടും മേല്‍ക്കുമേല്‍ ലക്ഷങ്ങളുടെ ബാധ്യതകള്‍ തൂങ്ങിക്കിടന്നിട്ടും എന്റെ ഭാര്യയുടെ ആക്ര മാറിയില്ല. പുതിയ മോഹങ്ങളിലേക്കും അങ്ങനെ കടങ്ങളിലേക്കും അവളെന്നെ ഉന്തിയിട്ടു കൊണ്ടിരുന്നു.
കാണെക്കാണെ അതിഗുദാമിലെ ഇരുട്ടത്തേക്ക്‌ ഹലാക്കിന്റെ വെളിച്ചങ്ങളൊക്കെ മങ്ങിയും മാഞ്ഞും അലിഞ്ഞു. പാതിരാപ്പുട്ട കരഞ്ഞു. റബ്ബര്‍ തോട്ടത്തിലെ ചവറ്റിലകള്‍ ചവുട്ടി ജിന്നുകളും റൂഹാനികളും ഇറങ്ങി വന്നിട്ട്‌ എന്നെയും കുടുംബത്തെയും അഭിസംബോധന ചെയ്‌തു. കാറിയ നെലോളിയുടെ ചീളുകള്‍ അവളുടെ ചങ്കില്‍ തടഞ്ഞു. കലങ്ങിയൊലിക്കുന്ന വായയുമായി പൂഴിമണ്ണില്‍ വരിവെള്ളം ചാലിട്ട പോലെ ചോര പതപ്പിച്ച്‌ എന്റെ ഭാര്യ മരിച്ചു കിടന്നു.
അങ്ങനെയാണ്‌ ഞാന്‍ ഇരുട്ടിന്റെ കനകനപ്പുകളില്‍ നിന്ന്‌ കൈച്ചിലായത്‌. ഇപ്പോഴേതായാലും ഈ അഴികള്‍ക്കകത്ത്‌ നിറയെ വെളിച്ചം തന്നെ.