Monday, December 6, 2010

പഞ്ഞിയുറക്കം


ഉറങ്ങാനാണ്‌
എനിക്ക്‌ കൊതിയാവുന്നത്‌.
എന്റെ മാത്രം മണമുള്ള കിടക്കയില്‍
പൂണ്ടുറങ്ങാനാണ്‌ പൂതി.

ആള്‍പ്പെരുമാറ്റമില്ലാത്ത

ഇരുണ്ട മുറിയില്‍
ഓര്‍മകളുടെ ആരവങ്ങളൊന്നും ഇരമ്പാത്ത

പുതപ്പിനടിയില്‍
ഒരു സ്വപ്‌നവുമില്ലാതെ
ഒരു പ്രതീക്ഷയുമില്ലാതെ
ഒരുസങ്കടവുമില്ലാതെ
ഒരു വേദനയുമില്ലാതെ
ആഹ്ലാദിക്കാനൊന്നുമില്ലാതെ
അങ്ങനെ
അങ്ങനെഉറങ്ങണം.

തെളിഞ്ഞ മാനം പോലെ
വിശുദ്ധമായ ഹൃദയത്തിലേക്ക്‌
ഇലയനക്കംപോലുമില്ലാതെ
നിശബ്ദതയുടെ തണുപ്പു മാത്രമുള്ള
ആ നേരം
ആകാശങ്ങളില്‍ നിന്ന്‌
പഞ്ഞിത്തുണ്ടുകള്‍ പൊഴിഞ്ഞ്‌
എന്നെ പുതഞ്ഞുകൊണ്ടിരിക്കും.

പഞ്ഞിയുറക്കത്തില്‍
കനമില്ലാതെ പറന്ന്‌
ഒച്ചകളുടെ ലോകത്തെ
ഒച്ചപ്പെടുത്താതെഅലിഞ്ഞ്‌,
ആരോടുംഒന്നിനോടും
ഒരുവികാരവുമില്ലാതെ
എന്നോടു മാത്രമുള്ള ഇഷ്ടത്താല്‍
അദൃശ്യകണമായി അലിഞ്ഞലിഞ്ഞ്‌
എനിക്കുപോലും അനുഭവിക്കാതാവണം
എന്നെ.

4 comments:

‍ശരീഫ് സാഗര്‍ said...

ഇലയനക്കംപോലുമില്ലാതെ
നിശബ്ദതയുടെ തണുപ്പു മാത്രമുള്ള
ആ നേരം
ആകാശങ്ങളില്‍ നിന്ന്‌
പഞ്ഞിത്തുണ്ടുകള്‍ പൊഴിഞ്ഞ്‌
എന്നെ പുതഞ്ഞുകൊണ്ടിരിക്കും.

MOIDEEN ANGADIMUGAR said...

അദൃശ്യകണമായി അലിഞ്ഞലിഞ്ഞ്‌
എനിക്കുപോലും അനുഭവിക്കാതാവണം
എന്നെ.

കൊള്ളാം..

LATHEEF RAMANATTUKARA said...

ഇരുണ്ട മുറിയില്‍
ഓര്‍മകളുടെ ആരവങ്ങളൊന്നും ഇരമ്പാത്ത

പുതപ്പിനടിയില്‍
ഒരു സ്വപ്‌നവുമില്ലാതെ
ഒരു പ്രതീക്ഷയുമില്ലാതെ
ഒരുസങ്കടവുമില്ലാതെ
ഒരു വേദനയുമില്ലാതെ
ആഹ്ലാദിക്കാനൊന്നുമില്ലാതെ
അങ്ങനെ
അങ്ങനെഉറങ്ങണം.

നാമൂസ് said...

ഉണ്മയെ ഉപാധിയാക്കുന്ന ഉത്തരത്തിനായി സ്വയം നഷ്ടപ്പെടുകയല്ലാതെ സാധ്യമല്ല തന്നെ.. ഒരു വലിയ പൂജ്യത്തിലേക്ക് തിരകെ നടക്കുകയും, അങ്ങനെ 'ഇല്ല' എന്ന ഉള്ളതില്‍ നിന്നും ഉണ്ടാവതിലേക്കുള്ള ഉണര്ച്ചക്ക് വേണ്ടിയുള്ള സ്വസ്ഥമായൊരു ഉറക്കം അനിവാര്യമാണ്. അവിടംനിന്നുതിര്‍ക്കുന്ന ഓരോ വാക്കിലും വചനത്തിലും മരിക്കുന്നതിനു മുമ്പേ മരിച്ചവന്റെ ഉണ്മയെ സത്യത്തെ കേള്‍ക്കാം.