Wednesday, May 28, 2008

പൊന്നളിയോ...

അളിയോ അളിയോ
പൊന്നളിയോ
ഇന്നലെ എങ്ങാണ്ടു പോയി..?

മൊട്ടമ്പടിയില്‍
കൊട്ടപ്പായയില്‍
നട്ടപ്പുലര്‍ച്ച വരെ
കട്ടകാലങ്ങളോര്‍ത്ത്‌
കാത്തിരുന്ത്‌ കാത്തിരുന്ത്‌
കാലങ്ങള്‍ പൂകിയതറിഞ്ഞില്ല

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍
സമ്മേളനമായിരുന്നല്ലേ...
ആത്മീയ മഹാമഹങ്ങളുടെ
കര്‍പ്പൂര മണങ്ങളില്‍
ചോര മോന്തി
ശുചിത്വ സര്‍ട്ടിഫിക്കറ്റെഴുതിയ
നഗരത്തിലെ
വൃത്തിയുള്ള ഓടയില്‍
വിഷണ്ണനായി
നീ ഇരിക്കുന്നതോര്‍ക്കുമ്പോള്‍
സഹിക്കാനാവുന്നില്ല പൊന്നേ...

അളിയോ അളിയോ
പൊന്നളിയോ

'ഇന്നോവ' കാറില്‍ വന്ന്‌
ആസ്‌പത്രിക്കാട്ടില്‍
............... 'എന്നോവര്‍' തള്ളിയ
ഒരു ചാക്ക്‌ കോഴിച്ചാപ്‌സ്‌
കണ്ടു വെച്ചിട്ടുണ്ട്‌ ഞാന്‍

ഇന്നെങ്കിലും വന്നാല്‍
കൂട്ടിക്കൊണ്ടോയി
കാണിച്ചു തരാം.
കൂട്ടുകാരെയും
കുഞ്ഞുകുട്ടി പരാധീനങ്ങളേയും
കൂട്ടാന്‍ മറക്കരുത്‌

വലത്തേ കൈയിന്റെ
ഉള്ളനടിയില്‍ പെട്ട്‌
ചോരപ്പൂ വിരിയിക്കേണ്ട
ഗതികെട്ട ജന്മമാകരുത്‌ നിന്റേത്‌

ആയതിനാല്‍,
അളിയോ പൊന്നളിയോ

ഒരു കുത്ത്‌
ഈയുള്ളവന്റെ
ഇടനെഞ്ചില്‍ തന്നിട്ട്‌
'ഗൂം' എന്ന്‌
ബോളിവുഡ്‌ സ്‌റ്റൈലില്‍ പാടി
ജീവിക്കാന്‍ പഠിക്ക്‌

കോര്‍പ്പറേഷന്‍ നിനക്കു തരുന്ന
ഈ മഹാപാവങ്ങളുടെ
റേഷന്‍ ചോര മതിയാക്കി
അടുത്തു കാണുന്ന
മോഹ മതം പറഞ്ഞ്‌
മതത്തില്‍ മതമുണ്ടാക്കി
മതിപ്പുണ്ടാക്കി
മദോന്മത്തരായ
മഹാ (വാ)നരന്മാരുടെ
തിളച്ച ചോരയില്‍
മുങ്ങി നീരാട്‌..

ജീവിക്കാന്‍ പഠിക്കെന്റെ പൊന്നേ...

അങ്ങനെയങ്ങനെ
മൊത്തമായും ചില്ലറയായും
ആത്മീയ ശാന്തിയടയെന്റെ
പൊന്നളിയോ...

1 comment:

Shabeeribm said...

കവിത അടിപൊളി മാഷേ..